തൃശൂര്‍: ഭിന്നശേഷിക്കാരനായ ഗായകന്‍ ഗാനമേളയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ മതിലകം സെന്ററിനടുത്ത് മുള്ളച്ചാംവീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ അബ്ദുല്‍ കബീര്‍ (42) ആണ് മരിച്ചത്. മതിലകം പുന്നക്കബസാര്‍ ആക്ട്‌സിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക് ഓണ്‍ വീല്‍സ്' ഗാനമേളയ്ക്കിടെ ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം.
വേദിയില്‍ പാട്ടുപാടിയ ശേഷം കബീര്‍ ഇറങ്ങിവന്ന് തന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞ് വീണത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ അംഗമാണ്. ഖബറടക്കം ഇന്ന് മതിലകം ജുമാമസ്ജിദില്‍.