കൊച്ചി; നടിയും അവതാരകയുമായ സുബി സുരേഷിന് വിടചൊല്ലി കലാകേരളം. ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് നാലോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. പ്രിയതാരത്തെ യാത്രയാക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സുബിയെ അവസാനമായി കണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ- സീരിയല്‍ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ എത്തിയിരുന്നു.
കരള്‍ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു സുബിയുടെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടോടെ വരാപ്പുഴയിലെ വീട്ടിലെത്തിച്ചു. ഇവിടെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പൊതുദര്‍ശനത്തിനു പിന്നാലെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. ഇതിനുശേഷമാണ് സംസ്‌കാരത്തിനായി ചേരാനല്ലൂര്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
കണ്ണീരോടെയാണ് പല സഹപ്രവര്‍ത്തകരും സുബിയ്ക്ക് വിട പറഞ്ഞത്. തസ്നി ഖാന്‍, അജു വര്‍ഗീസ്, പിഷാരടി, പേളി മാണി, അന്‍സിബ, ബീന ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.