പാലക്കാട്: ഒറ്റപ്പാലത്ത് ഡി. വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് വെട്ടേറ്റ് മരിച്ചു. ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് കിഴക്കേകാരാത്തുപടി വീട്ടില്‍ ശാന്തകുമാരിയുടെ മകന്‍ ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ശ്രീജിത്തിന്റെ അമ്മാവന്‍ കാരാത്തുപടി വീട്ടില്‍ രാധാകൃഷ്ണനും മകന്‍ ജയദേവനുമായുണ്ടായ വഴക്ക് തടയാന്‍ ചെന്നതായിരുന്നു ശ്രീജിത്ത്. ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചു.
വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. രക്ഷപ്പെടുത്താന്‍ പോയ അയല്‍വാസികളായ സന്തോഷ് ബാബു, രഞ്ജിത്ത്, മരുതി എന്നിവര്‍ക്കും പരിക്കേറ്റു. ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറയില്‍. പരിക്കേറ്റവരും ഇവിടെ ചികിത്സ തേടി. പോലീസ് കസ്റ്റഡിയിലുള്ള ജയദേവനും പരിക്കോടെ ചികിത്സയിലുണ്ട്. ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്തു.