ന്യൂഡല്‍ഹി: ഈ മാസം 25 നകം ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുമെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍. റിസോര്‍ട്ടിലെ കോട്ടേജുകളില്‍ 54 എണ്ണത്തില്‍ 34 എണ്ണം പൂര്‍ണമായി പൊളിച്ചു.
ബാക്കിയുള്ള 20 എണ്ണം കൂടി 25 നകം പൊളിച്ച് നീക്കുമെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പൊളിക്കല്‍ തുടരുന്നത്.
2022 സെപ്റ്റംബര്‍ 15 ന് റിസോര്‍ട്ടിന്റെ പൊളിക്കല്‍ നടപടി തുടങ്ങി. പൊളിച്ച അവശിഷ്ടങ്ങള്‍ ദ്വീപില്‍ നിന്ന് മാറ്റുന്ന നടപടി മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സമീപത്തെ ജലാശയങ്ങളെ മലിനമാക്കാത്ത രീതിയിലാണ് പൊളിക്കല്‍ നടക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ പൊളിക്കല്‍ പൂര്‍ത്തിയാക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.