കൊച്ചി: നാവികസേനയുടെ ആയുധ പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയ്ക്ക് 'പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ' സമ്മാനിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു 16 ന് കൊച്ചിയിലെത്തും. സായുധസേനാ യൂണിറ്റിന് നല്‍കുന്ന ഏറ്റവും ഉന്നതമായ അംഗീകാരമാണ് പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്.
രാഷ്ട്രപതി ആയശേഷം ആദ്യമായാണ് ദ്രൗപദി മുര്‍മു കേരളത്തിലെത്തുന്നത്. 16 ന് വൈകിട്ട് 4.30 ന് ഫോര്‍ട്ടുകൊച്ചിയിലെ ദ്രോണാചാര്യയിലാണ് അവാര്‍ഡ് സമ്മാനിക്കുക.
ഇന്ത്യയിലെയും വിദേശത്തെയും നാവികര്‍ക്ക് ആയുധപരിശീലനം നല്‍കുന്ന കേന്ദ്രമാണ് ഫോര്‍ട്ടുകൊച്ചിയിലെ ഐ.എന്‍.എസ് ദ്രോണാചാര്യ. പിസ്റ്റള്‍ മുതല്‍ മിസൈലുകള്‍, റഡാറുകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്ന ദ്രോണാചാര്യ ഇന്ത്യന്‍ നാവികസേനയുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്. 820 ഓഫീസര്‍മാര്‍ക്കും 1200 മറ്റുള്ളവര്‍ക്കും പ്രതിവര്‍ഷം പരിശീലനം നല്‍കുന്നുണ്ട്.