തിരുവനന്തപുരം: മലയാളം സര്‍വകലാശാലാ വി.സിയുടെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ നല്‍കിയ മൂന്ന് പ്രൊഫസര്‍മാരുടെ പാനല്‍ തള്ളി എം.ജി വാഴ്‌സിറ്റി വി.സി ഡോ. സാബു തോമസിന് ഗവര്‍ണര്‍ ചുമതല നല്‍കി.
നിയമനത്തില്‍ അപാകതയുണ്ടെന്ന് അറിയിച്ച് സാബു തോമസിന് ആറുമാസം മുന്‍പ് ഗവര്‍ണര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുകയും ഹിയറിങ് നടത്തുകയും ചെയ്തിരുന്നു.
മലയാളം സര്‍വകലാശാലാ വി.സിയുടെ നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ പാനലില്‍ കേരള പി.വി.സിയായിരുന്ന ഡോ. പി.പി.അജയകുമാര്‍, സംസ്‌കൃത സര്‍വകലാശാലയിലെ ഡോ. വത്സന്‍, കേരള സര്‍വകലാശാലയിലെ സംസ്‌കൃതം പ്രൊഫസര്‍ ഡോ. ഷൈല എന്നിവരാണുണ്ടായിരുന്നത്. ഈ പാനല്‍ അപ്പാടെ നിരസിച്ചാണ് സാബു തോമസിന് ഗവര്‍ണര്‍ ചുമതല നല്‍കിയത്.
മലയാളം സര്‍വകലാശാലാ വി.സി പദവിയില്‍ നിന്ന് അനില്‍ വള്ളത്തോള്‍ കഴിഞ്ഞ 28ന് വിരമിച്ച ഒഴിവിലാണ് സാബു തോമസിന് ചുമതല നല്‍കിയത്. യു.ജി.സി ചട്ടപ്രകാരം 10 വര്‍ഷം പ്രൊഫസറായി പരിചയമുള്ളവരെയേ വി.സിയാക്കാനാവൂ.
നിയമനത്തില്‍ യു.ജി.സി ചട്ടം പാലിച്ചില്ലെന്ന കാരണത്താല്‍ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയത് ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ വാഴ്‌സിറ്റി വി.സി ഡോ. സജി ഗോപിനാഥിന് സാങ്കേതിക വി.സിയുടെ ചുമതല നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ നിരസിച്ചിരുന്നു.