കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെ കൊച്ചിയിലെ അന്തരീക്ഷ വായുവില്‍ വലിയ തോതില്‍ വിഷാംശം കൂടിയതായി റിപ്പോര്‍ട്ട്.
ഞായറാഴ്ച്ച രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കൊച്ചിയിലെ വായു അപായ രേഖ തൊട്ടതായി കണ്ടെത്തിയത്. നല്ല ആരോഗ്യമുള്ളവരില്‍ പോലും ശ്വാസകോശ പ്രശ്‌നങ്ങളുണ്ടാക്കാവുന്ന അവസ്ഥയാണ് നിലവില്‍ കൊച്ചിയിലുള്ളത്.
ഞായറാഴ്ച രാത്രി പത്തിന് പി.എം 2.5 ന്റെ മൂല്യം 441, അതായത് ഏറ്റവും ഗുരുതരമായ അളവില്‍ ആണെന്ന് കണ്ടെത്തി. വൈറ്റിലയിലെ അന്തരീക്ഷ മലിനീകരണ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണിത്.
കൊച്ചിയിലെ അന്തരീക്ഷ വായുവില്‍ ഞായറാഴ്ച രാത്രി പി.എം 2.5 ന്റെ ശരാശരി മൂല്യം 182 ആയിരുന്നു. ഏറ്റവും കുറഞ്ഞ മൂല്യം 48 ഉം കൂടിയത് 441 ഉം ആയിരുന്നു. ഇതിന് സമാനമായി പി.എം 10 ന്റെ അളവും ഉയര്‍ന്നു. ഇത് 333 വരെയെത്തി. പി.എം 10 ന്റെ ശരാശരി മൂല്യം 131 ആയിരുന്നു. കുറവ് 57 ഉം.
1.5 മൈക്രോമീറ്റര്‍ താഴെ വ്യാസമുള്ള, ഒരു തലമുടിനാരിനെക്കാള്‍ ഏകദേശം 100 മടങ്ങ് കനം കുറഞ്ഞ കണങ്ങളാണ് പി.എം 2.5. ശ്വാസകോശത്തില്‍ ആഴത്തില്‍ കടന്നു ചെല്ലാന്‍ കഴിയുന്ന വായുവിലെ മലിനകണങ്ങളാണിവ.
പി.എം 2.5, പി.എം 10 എന്നിവയുടെ തോത് അനുസരിച്ചാണ് ആഗോള തലത്തില്‍ അന്തരീക്ഷ മലിനീകരണമളക്കുന്നത്. പി.എം 2.5 401 നും 500 നും ഇടയിലാണെങ്കില്‍ അപായകരമായ സ്ഥിതിയാണ്.