തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല താല്‍കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പലാക്കി സ്ഥലം മാറ്റി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവനുസരിച്ച് തിരുവനന്തപുരത്തു തന്നെയാണ് നിയമനം. ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പലായാണ് നിയമനം.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന സിസയെ അതേ പദവിയിലിരിക്കെയാണ് ഗവര്‍ണര്‍ വി.സിയായി നിയമിച്ചത്. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഇവരെ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ഡോ. എം.എസ് രാജശ്രീയെ പകരം നിയമിക്കുകയും ചെയ്തു.
പ്രതികാര നടപടിയായി തിരുവനന്തപുത്തിന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ നീക്കമുണ്ടെന്നറിഞ്ഞ സിസാ തോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. സ്ഥാനത്തു നിന്നു നീക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും തിരുവനന്തപുരത്തു തന്നെ നിയമിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു.
മാര്‍ച്ച് 31 ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന സിസയ്‌ക്കെതിരേ അച്ചടക്ക നടപടിക്കുള്ള നീക്കവും നടക്കുന്നുണ്ട്. സിസയ്ക്ക് ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും. സാങ്കേതിക സര്‍വകലാശാലാ വി.സി നിയമനത്തിന് സര്‍ക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.