തിരുവനന്തപുരം: സംസ്ഥാനത്തെ താപസൂചിക (ഹീറ്റ് ഇൻഡക്‌സ്) പ്രസിദ്ധീകരിച്ചു. ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത പ്രവചിക്കുന്നു. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യത കൽപ്പിക്കുന്നത്. നാല് ജില്ലകളിൽ കൊടുംചൂട് അനുഭവപ്പെടുമെന്നും സൂചികയിൽ പറയുന്നു.
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിലാണ് കൊടും ചൂട് അനുഭവപ്പെടാൻ സാധ്യത. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ചൂട് 54 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നും ഇൻഡക്‌സിലുണ്ട്.
ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിൽ 45 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെട്ടേക്കും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെ ബാക്കി എല്ലായിടത്തും 40 നും 45 നും ഇടക്കാണ് താപനിലയെന്നും സൂചികയിൽ പറയുന്നു. താപനിലയും ഈർപ്പവും ചേർന്നുള്ള ഹീറ്റ് ഇൻഡകസാണ് തയ്യാറാക്കിയത്.
ചൂടിന് താൽക്കാലിക ശമനമെന്നോണം സംസ്ഥാനത്ത് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.