കുഴിത്തുറ: കളിയാക്കല്‍ പതിവായത് ചോദ്യം ചെയ്ത യുവതിയെ അക്രമികള്‍ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മേല്‍പ്പുറം ജങ്ഷനിലാണ് സംഭവം.
മണിക്കൂറുകളോളം ബന്ധനത്തില്‍ കഴിഞ്ഞ യുവതിയെ പിന്നീട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. അക്രമികളെ ഭയന്ന് നാട്ടുകാര്‍ കാഴ്ച്ചക്കാരായി മാറി നിന്നു. സംഭവത്തില്‍ പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവര്‍മാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെ അറസ്റ്റ് ചെയ്തു.
മാര്‍ത്താണ്ഡത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയാണ് അവഹേളനത്തിന് ഇരയായത്. ഭര്‍ത്താവ് മരിച്ച 35 കാരിയായ യുവതി അമ്മയോടൊപ്പമാണ് കഴിയുന്നത്. പ്രതികളായ ഓട്ടോ ഡ്രൈവര്‍മാര്‍ മുമ്പും ഇവരെ പരിഹസിച്ച സംഭവമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ യുവതി അതുവഴി പോകുമ്പോഴും ഇത് ആവര്‍ത്തിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ സംഘം ചേര്‍ന്ന് യുവതിയെ കെട്ടിയിട്ടത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അരുമന പൊലീസ് വിവരമറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.