ലോക്‌സഭയിലും നിയമസഭയിലും ഇനി മത്സരിക്കില്ല; കെ. മുരളീധരന്‍

ലോക്‌സഭയിലും നിയമസഭയിലും ഇനി മത്സരിക്കില്ല; കെ. മുരളീധരന്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് കെ. മുരളീധരന്‍. ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നല്‍കിയത്.

തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് എംപിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. നോട്ടീസ് നല്‍കും മുന്‍പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാന്‍ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചു. പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തില്‍ കെപിസിസി, എം.കെ രാഘവന് താക്കീതും കെ. മുരളീധരന് മുന്നറിയിപ്പും നല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നായിരുന്നു കെപിസിസി നിര്‍ദേശം.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം.കെ രാഘവന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തെ കെ. മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.