'കഷ്ടിച്ചു ജയിച്ചു വന്നവരാ... വെറുതേ ഇമേജ് മോശമാക്കരുത്; ഷാഫി അടുത്ത തവണ തോല്‍ക്കും': സഭയില്‍ വിവാദ പരാമര്‍ശവുമായി സ്പീക്കര്‍

'കഷ്ടിച്ചു ജയിച്ചു വന്നവരാ... വെറുതേ ഇമേജ് മോശമാക്കരുത്; ഷാഫി അടുത്ത തവണ തോല്‍ക്കും': സഭയില്‍ വിവാദ പരാമര്‍ശവുമായി സ്പീക്കര്‍

തിരുവനന്തപുരം: ബ്രഹ്മപുരം പ്രശ്നത്തില്‍ കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങളും സ്പീക്കര്‍ എ.എന്‍ ഷംസീറും തമ്മില്‍ തര്‍ക്കം.

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും വെറുതെ ഇമേജ് മോശമാക്കേണ്ടെന്നുമായിരുന്നു സ്പീക്കറുടെ കമന്റ്.

ഷാഫി പറമ്പില്‍, ടി.ജെ വിനോജ്, സി.ആര്‍ മഹേഷ് കുമാര്‍, സനീഷ് കുമാര്‍ ജോസഫ് തുടങ്ങിയവരുടെ പേരെടുത്തു പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമര്‍ശം. എല്ലാവരും കഷ്ടിച്ചു ജയിച്ചുവന്നവര്‍ ആണെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

മഹേഷേ, ഇതെല്ലാം കരുനാഗപ്പള്ളിയിലെ ജനങ്ങള്‍ കാണുന്നുണ്ട്, വിനോദേ, എറണാകുളത്തെ ജനങ്ങള്‍ കാണുന്നുണ്ട്, നിങ്ങള്‍ക്കു തന്നെയാണ് മോശം. ഇനിയുമിവിടെ വരേണ്ടതാണ് എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ പ്രതികരണം. ഷാഫി അടുത്ത തവണ തോല്‍ക്കുമെന്നും ഷംസീര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.