വിഷപ്പുക (കവിത)

വിഷപ്പുക (കവിത)

പുകയാണ് പുകയാണ്
പുകയാണ് വിഷപ്പുകയാണ് ചുറ്റും,
അലറുന്ന കടലിൻ്റെ  തീരത്ത്   
കൂട്ടിയ മാലിന്യമെല്ലാം
കത്തിയെരിയുന്ന പുകയാണ്
പുകയാണ് പുകയാണ്
വിഷപ്പുകയാണ് ചുറ്റും,
ഹൃദയമിടിപ്പിൻ്റെ താളം
തെറ്റാതിരിക്കുവാൻ ജീവൻ്റെ
മണമുള്ള കാറ്റു വേണം...
വിശപ്പുണ്ടെങ്കിലും ദാഹമകററുവാ-
നൊരിറ്റു തെളിനീരു വേണം...
ഇല്ലില്ല മലിനമാണെല്ലാം
മുണ്ടു മുറുക്കിയുടുത്തെൻ്റെ
പൂർവ്വികർ ചമച്ച പച്ചപ്പും
ദുര ചേർക്കാതെ കാത്തു വച്ചൊരു
ഗിരിനിരകളും കരുണയില്ലാതെ
വെട്ടിയും നിരത്തിയും കുഴിച്ചെടുത്തും
ചട്ടങ്ങൾ പണക്കൊഴുപ്പിൽ
തിരുത്തിയെഴുതിയ
ക്രൂരതയെങ്ങിനെ മറക്കണം?..
ചങ്കുപൊട്ടിയുറക്കെ വിളിച്ചു
കരയുവാൻ വയ്യ ...
കൂട്ടിരുന്നോരൊക്കെയും
പോയ് മറഞ്ഞു....
പുലരിയിൽ നിത്യമുയർന്നെത്തും
കിളിനാദവും നിലച്ചൂ -
എങ്ങുപോയ് മറഞ്ഞൂ..
മലിനമാം എൻ നാടുവിട്ടു പറന്നകന്നുവോ?
ചിരിയൊട്ടുമില്ല;
ഇല്ല പൂക്കാലവും
വിഷപ്പുക ശ്വസിച്ച് മരിക്കാതിരിക്കണം,
വരും ഒരു പുലരിയും കതിരു
വിരിയുന്ന കാലവുമെന്ന്
കിനാവു കാണാം, നന്മകൾളൊക്കെയും
മലിനമാവാതിരിക്കണം
നീറിപ്പുകയാതിരിക്കട്ടെ മനസ്സുകൾ.....

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.