എഎംഎംഎയുടെ ചരിത്രത്തിലാദ്യം: നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

എഎംഎംഎയുടെ ചരിത്രത്തിലാദ്യം: നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: താര സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോനെ തിരഞ്ഞെടുത്തു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവപാലിനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് എഎംഎംഎയുടെ തലപ്പത്തേക്ക് വനിതകള്‍ വരുന്നത്.

പകുതിയിലേറെ വോട്ടുകള്‍ ഇരുവരും നേടിയെന്നാണ് വിവരം. ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്‌ക്കെതിരെ മത്സരിച്ചത്. നടന്‍ രവീന്ദ്രനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്. എഎംഎംഎയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിവാദങ്ങളും നിലനിന്നിരുന്നു.

ആരോപണ പ്രത്യാരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹന്‍ലാല്‍ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27 ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.