കൊച്ചി: കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച ഉപരോധ സമരം പൊലീസിന്റെ ഇടപെടലുണ്ടായതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ പന്തല്‍ കെട്ടിയാണ് ഉപരോധ സമരം നടത്തുന്നത്. നിരവധി പ്രവര്‍ത്തകര്‍ പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. പൊലീസുമായി ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുമുണ്ടായി.
പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടെയാണ് വാക്കു തര്‍ക്കവും നേരിയ തോതില്‍ സംഘര്‍ഷാവസ്ഥയും ഉടലെടുത്തത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കി. കോര്‍പറേഷനിലേക്ക് വരുന്ന ജീവനക്കാരെ അകത്തേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. .
രാവിലെ ഒമ്പതിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഉപരോധം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് വരെയാണ് സമരം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തില്‍ മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് പൊലീസിന്റെ മര്‍ദനമേല്‍ക്കേണ്ടി വന്നത്.