കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച്ച പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.
കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.പി.എം.ടി എ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പണിമുടക്കിൽ പങ്കെടുക്കും.
ഒ.പി വിഭാഗം ബഹിഷ്‌ക്കരിച്ചാണ് സമരം. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും.
മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഒഴിവാക്കി. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാ വിഭാഗവും മാത്രമേ പ്രവര്‍ത്തിക്കൂ.