കണ്ണൂര്‍: രാഷ്ട്രീയ പിന്തുണയല്ല കര്‍ഷകരുടെ ഉന്നമനമാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. റബറിന്റെ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാമെന്ന പരാമര്‍ശം കത്തോലിക്കാ സഭയുടെ പ്രഖ്യാപനമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ഒത്തുതീര്‍പ്പ് പ്രഖ്യാപനമായിട്ടോ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാംപ്ലാനി പറഞ്ഞു.
ഇത് കര്‍ഷകരുടെ പൊതുവികാരമാണ്. കര്‍ഷകര്‍ നേരിടുന്ന അവഗണനയ്ക്ക് രാഷ്ട്രീയമായ ഒരു പരിഹാരം വേണം. അതിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകരെ പരിഗണിക്കുന്നവര്‍ക്ക് വോട്ട് നല്‍കുമെന്ന് പറഞ്ഞത്. ഇത് കര്‍ഷക സംഘടനകളുടെ പൊതുതീരുമാനമാണ്. അതാണ് താന്‍ പറഞ്ഞതെന്നും പാംപ്ലാനി വിശദീകരിച്ചു.
ബി.ജെ.പിയുമായുള്ള ഒരു സഖ്യത്തിന്റെ തുടക്കം എന്ന രീതിയില്‍ ഇതിനെ ഉദ്ദേശിക്കുന്നില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ ആര് പരിഗണിച്ചാലും അവരെ സ്വാഗതം ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.