വിവാദ ബില്ലുകളില്‍ തൊട്ടില്ല; രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

വിവാദ ബില്ലുകളില്‍ തൊട്ടില്ല; രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കുന്ന ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. എന്നാല്‍ വിവാദമായ ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഉള്‍പ്പെടെ ആറെണ്ണത്തിന്റെ കാര്യത്തില്‍ ഇത്തവണയും തീരുമാനത്തില്‍ എത്തിയില്ല.

ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിത കാലത്തേക്ക് നീട്ടുന്നതിന് എതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് രണ്ടു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. അതേസമയം വിവാദമായ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം.

ലോകായുക്ത ബില്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍, മില്‍മ ബില്‍ എന്നിവയാണ് ഗവര്‍ണര്‍ ഒപ്പിടാതെ നീട്ടിവച്ചിരിക്കുന്നത്. മന്ത്രിമാര്‍ നേരിട്ടെത്തി ബില്ലുകളെക്കുറിച്ച് ഗവര്‍ണറോട് വിശദീകരിച്ചെങ്കിലും തീരുമാനത്തിലെത്താന്‍ തനിക്ക് സമയം വേണമെന്ന നിലപാടാണ് ഗവര്‍ണര്‍ക്ക്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.