കെപിസിസി പുനസംഘടനയ്ക്ക് ഏഴംഗ ഉപസമിതി; രൂപീകരണം ഹൈക്കമാന്‍ഡ് ധാരണ പ്രകാരം

കെപിസിസി പുനസംഘടനയ്ക്ക് ഏഴംഗ ഉപസമിതി; രൂപീകരണം ഹൈക്കമാന്‍ഡ് ധാരണ പ്രകാരം

തിരുവനന്തപുരം: ഡി.സി.സി, ബ്ലോക്ക് പുനസംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി രൂപം നല്‍കി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്.

കൊടിക്കുന്നില്‍ സുരേഷ് എം.പി, അഡ്വ. ടി സിദ്ധിക്ക് എംഎല്‍എ, മുന്‍ മന്ത്രി കെ.സി ജോസഫ്, എ.പി അനില്‍ കുമാര്‍ എംഎല്‍എ, മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍, അഡ്വ. കെ ജയന്ത്, അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

ജില്ലകളില്‍ നിന്ന് പുനസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റില്‍ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികള്‍ കെപിസിസിക്ക് സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്ത് ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനസംഘടന പട്ടിക കെപിസിസിക്ക് കൈമാറുവാന്‍ ഉപസമിതിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍ദേശം നല്‍കി. ഇതോടെ കെപിസിസി പുനസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.

എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതി രഹിതവുമായിട്ടാണ് പുനസംഘടന പ്രക്രിയയുമായി കെപിസിസി മുന്നോട്ട് പോകുന്നതെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.