ദുബായ്: ആരോഗ്യകരമായ നടത്തത്തിനൊപ്പം ജീവകാരുണ്യപ്രവർത്തനത്തിലും പങ്കാളികളാകാന്‍ കഴിയുന്ന എ സ്റ്റെപ് ഫോർ ലൈഫ് ക്യാംപെയിന്‍ പ്രഖ്യാപിച്ച് ദുബായ്. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റും (ഐകാഡ്) ദുബായ് സ്‌പോർട്‌സ് കൗൺസിലും (ഡിഎസ്‌സി) പ്ലാൻ ബി ഗ്രൂപ്പിന്‍റെ പങ്കാളിത്തത്തോടെയാണ് എ സ്റ്റെപ് ഫോർ ലൈഫ് ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്.
ക്യാംപെയിനില്‍ പങ്കാളികളാകുന്നവർ വയ്ക്കുന്ന ഓരോ ചുവടിലും അൽ ജലീല ഫൗണ്ടേഷനിലേക്ക് സംഭാവന ലഭിക്കുന്ന രീതിയിലാണ് ക്യാംപെയിന്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. എത്ര കൂടുതല്‍ നടക്കുന്നുവോ അത്രയും സംഭാവന ഫൗണ്ടേഷനിലേക്ക് ലഭിക്കും. റമദാനോട് അനുബന്ധിച്ച് സമൂഹത്തിലെ അംഗങ്ങളുടെ ആരോഗ്യവും പ്രവർത്തനവും വർധിപ്പിക്കുക, ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങൾ മുന്‍നിർത്തിയാണ് ക്യാംപെയിന്‍ ആരംഭിച്ചിട്ടുളളത്.
ഓരോ വ്യക്തിയുടേയും 1000 ചുവടുകള്‍ക്ക് ഐകാഡ് 10 ദിർഹം സംഭാവനയായി നല്‍കുമെന്ന് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ചാരിറ്റി സെക്ടർ സിഇഒ അഹമ്മദ് ദർവീഷ് അൽ മുഹൈരി പറഞ്ഞു. സ്റ്റെപി ആപ്പ് വഴിയാണ് പങ്കെടുക്കുന്നവരുടെ ചുവടുകള്‍ കണക്കാക്കുക. ഉദ്യമം ലക്ഷ്യത്തിലെത്തിയാല്‍ അൽ ജലീല ഫൗണ്ടേഷനെ പിന്തുണയ്ക്കാൻ ഐകാഡ് 1 ദശലക്ഷം ദിർഹം നൽകും.
ക്യാംപെയിന്‍റെ ഭാഗമായി രണ്ട് പ്രത്യേക പരിപാടികളും നടക്കും. ഖുറാനിക് പാർക്കിലെ അൽ ഖവാനീജ് വാക്കിംഗ് ട്രാക്കിലും കൈറ്റ് ബീച്ചിലും സൗജന്യ പരിശീലനം നൽകും. അൽ ജലീല ഫൗണ്ടേഷൻ നൽകുന്ന മൊബൈൽ ക്ലിനിക്കുകൾ, അടിയന്തര ഘട്ടങ്ങളിൽ ഒപ്പമുള്ള പാരാമെഡിക്കുകൾക്ക് പുറമെ, ജനറൽ ചെക്കപ്പുകൾക്കും ലഭ്യമാക്കും.