തൃശൂര്‍: വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥന്‍ രക്തം ശര്‍ദ്ദിച്ച് മരിച്ചു. തൃശൂര്‍ അവണൂരില്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം.
ഭാര്യയടക്കം മൂന്നു പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്. വീട്ടില്‍ നിന്ന് ഇഡ്ഡലി കഴിച്ചവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തം ഛര്‍ദിച്ച് അവശനായി എത്തിച്ച ശശീന്ദ്രന്‍, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ചികിത്സയിലുള്ള മറ്റ് മൂന്നു പേര്‍ക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. ശശീന്ദ്രന്റെ അമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ വീട്ടിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാള്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.