തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ വൈകാരിക പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പുനസംഘടന നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ടന്നും സഹായിക്കണമെന്നും എക്‌സിക്യൂട്ടീവ് യോഗത്തില്‍ കൈകൂപ്പി സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ പുനസംഘടനാ നടപടികള്‍ വൈകുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കും പങ്കുണ്ടെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് മറുപടി പറയുന്നതിനിടെയാണ് സുധാകരന്‍ വികാര ഭരിതനായത്.
യോഗം തുടങ്ങിയപ്പോള്‍ തന്നെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന നടത്തുന്നവര്‍ക്കെതിരെയും വിമര്‍ശനമുണ്ടായി.
അതിനിടെ പാര്‍ട്ടിയിലെ അരിക്കൊമ്പന്മാരെ പിടിച്ചുകെട്ടണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ എന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അരിക്കൊമ്പന്‍മാരുണ്ട്. അവരെ പിടിച്ചുകെട്ടാന്‍ നേതൃത്വത്തിന് കഴിയണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
കെ. മുരളീധരനെതിരെ എം.എം നസീറും രംഗത്തെത്തി. ഒരു ദിവസമെങ്കിലും കെപിസിസി ഓഫീസിലേക്ക് കല്ലെറിഞ്ഞില്ലെങ്കില്‍ ചില നേതാക്കള്‍ക്ക് ഉറക്കം വരില്ലെന്നായിരുന്നു നസീറിന്റെ പരാമര്‍ശം.
പാര്‍ട്ടി എല്ലാ സൗകര്യങ്ങളും നല്‍കിയവര്‍ തന്നെയാണ് നേതൃത്വത്തിനെതിരെ പരാതി നല്‍കുന്നതെന്നും നസീര്‍ കുറ്റപ്പെടുത്തി. നേരത്തെ ശശി തരൂരിനെതിരെ ജോണ്‍ എബ്രഹാമും പി.ജെ കുര്യനും രംഗത്തെത്തിയിരുന്നു. തരൂര്‍ പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ ലംഘിക്കുകയാണെന്നും പാര്‍ട്ടി അച്ചടക്കം എന്തെന്ന് പോലും തരൂരിന് അറിയില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ യോഗത്തിലുണ്ടായി.