കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോയെ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഈസ്റ്റര്‍ ആശംസാ കാര്‍ഡ് കൈമാറി.
ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷും കേന്ദ്ര മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് വി. മുരളീധരന്‍ പറഞ്ഞു. ആശംസകള്‍ നേരാനാണ് എത്തിയതെന്നും സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ തലശേരി അതിരൂപത ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയ്ക്ക് നേതാക്കള്‍ ഈസ്റ്റര്‍ ആശംസാ കാര്‍ഡ് കൈമാറി.
അതിനിടെ ഈസ്റ്റര്‍ ആശംസാ കാര്‍ഡുകളുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി.