കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ ട്രെയിനില്‍ നിന്ന് മൂന്ന് പേര്‍ വീണ് മരിച്ചതില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ആരെയും തള്ളിയിട്ടിട്ടില്ല. തീവെയ്പിന് പിന്നാലെ ആരെങ്കിലും ട്രെയിനില്‍ നിന്നും വീഴുന്നതായോ ചാടിയതായോ കണ്ടില്ലെന്നും ഷാറൂഖ് സെയ്ഫി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
താന്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. തനിക്ക് തോന്നിയപ്പോള്‍ ചെയ്തു എന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 4.49 ഓടെയാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തുന്നത്. അന്ന് വൈകിട്ടാണ് തീവെച്ച ട്രെയിനില്‍ ഇയാള്‍ കയറുന്നത്. അന്ന് പകല്‍ സമയത്ത് ഷാറൂഖ് സെയ്ഫി എവിടെയെല്ലാം പോയി എന്നതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്രോള്‍ വാങ്ങാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതും അന്വേഷണസംഘം പരിശോധിക്കും. പെട്രോള്‍ വാങ്ങിയ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.