തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദേവാലയ സന്ദര്‍ശനം ഇതുവരെ ചെയ്തതിനൊക്കെയുള്ള പ്രായശ്ചിത്തമാണെങ്കില്‍ നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇത് അങ്ങനെയല്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
''കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും നല്ല കുളിര്‍മയോടെയാണ് ഈസ്റ്ററിനെ വരവേറ്റത്. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ പ്രമുഖമായ ക്രൈസ്തവ ദേവാലയം സന്ദര്‍ശിക്കുകയുണ്ടായി. നല്ലകാര്യം. ഇതേ വരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍. എന്നാല്‍ ഇതിനെ അങ്ങനെ കാണാനാകില്ലല്ലോ'' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ സംഘപരിവാര്‍ ആക്രമണം നടക്കാത്തത് ഇടത്പക്ഷം ഭരിക്കുന്നത് കൊണ്ടാണ്. സംഘപരിവാറിന്റെ തനിനിറം മതനിരപേക്ഷ സമൂഹം മനസിലാക്കും. ആര്‍എസ്എസിന്റേത് കപട മതേതരത്വം ആണ്. സംസ്ഥാനത്ത് സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.