വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ച സംഭവം: കെ.എം മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദാക്കും

വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ച സംഭവം: കെ.എം മാണി ജൂനിയറിന്റെ ലൈസന്‍സ് റദ്ദാക്കും

കോട്ടയം: വാഹനാപകടത്തില്‍ മണിമല കരിക്കാട്ടൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എംപിയുടെ മകന്‍ കെ.എം മാണി ജൂനിയറി ( കുഞ്ഞുമാണി)ന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.

ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവര ശേഖരണം നടത്തി. പൊലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം ലൈസന്‍സ് റദ്ദാക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ശനിയാഴ്ച രാത്രി മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപമുണ്ടായ അപകടത്തില്‍ കരിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ യോഹന്നാന്‍ മാത്യുവിന്റെയും സിസമ്മയുടെയും മക്കളായ മാത്യു ജോണ്‍ (ജിസ്-35), സഹോദരന്‍ ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്. അമിത വേഗതയിലായിരുന്ന ഇന്നോവ കാര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോള്‍ സ്‌കൂട്ടര്‍ കാറിന് പിന്നിലിടിച്ചായിരുന്നു അപകടം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.