കൊച്ചി: കൊച്ചിയിലെ റോഡരികിലെ മാലിന്യക്കൂമ്പാരം ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയായിരുന്നു വിമര്‍ശനം. കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യകൂമ്പാരമായി. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കൃത്യമായി നടപടി എടുക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച ജലസ്രോതസുകളിലെല്ലാം ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് കളക്ടര്‍ കോടതിയില്‍ അറിയിച്ചു. ഇ കോളി ബാക്ടിരിയ ഉള്ള ജലമാണോ കൊച്ചിക്കാര്‍ കുടിക്കുന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. 210-230 ടണ്‍ ജൈവ മാലിന്യങ്ങള്‍ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍ കോടതിയില്‍ അറിയിച്ചത്.
ഏപ്രില്‍ നാല് മുതല്‍ ലെഗസി വേസ്റ്റും സ്വീകരിക്കുന്നുണ്ടെന്ന് കോര്‍പറേഷന്‍ കോടതിയില്‍ വ്യക്തമാക്കി. മാലിന്യങ്ങള്‍ കൂടിക്കലര്‍ന്ന നിലയിലാണ് റോഡരികില്‍ തള്ളുന്നത്. ഇതാണ് പ്രധാന വെല്ലുവിളിയെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു.