മകന്‍ ഓടിച്ച വാഹനം ഇടിച്ച് മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് ജോസ് കെ. മാണി

മകന്‍ ഓടിച്ച വാഹനം ഇടിച്ച് മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് ജോസ് കെ. മാണി

കോട്ടയം: മകന്‍ കെ.എം മാണി ജൂനിയര്‍ ഓടിച്ച വാഹനം ഇടിച്ച് മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി എംപി.

വൈകുന്നേരം അഞ്ചരയോടെയാണ് അപകടത്തില്‍ മരണമടഞ്ഞ മണിമല കരിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ ജിസിന്റെ(35)യും ജിന്‍സിന്റെ(30)യും വീട്ടില്‍ ജോസ് കെ മാണി എത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവാക്കളുടെ മരണത്തിന് കാരണമായ അപകടം. അപകടത്തിന് ശേഷം പൊലീസിന്റെ നടപടികള്‍ വിവാദത്തിന് കാരണമായിരുന്നു. അതിനിടെയാണ് ജോസ് കെ. മാണി മരിച്ച യുവാക്കളുടെ മണിമലയിലെ വീട്ടിലെത്തിയത്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി ജോസ് കെ. മാണി പറഞ്ഞു.

നിങ്ങളെ അഭിമുഖിരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇത്രയും ദിവസം വരാതിരുന്നതെന്ന് പറഞ്ഞ ജോസ് കെ. മാണി കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. മണിമലയിലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തിയ അദേഹം അരമണിക്കൂറിലധികം വീട്ടില്‍ ചെലവഴിക്കുകയും ചെയ്തു.

അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന യുവാക്കളുടെ ആകസ്മിക മരണം നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.