കൊച്ചി: പാതി വഴിയിൽ ഉപേക്ഷിച്ച മലയാറ്റൂർ മലകയറ്റം പൂർത്തിയാക്കി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ. തിരുനാൾ ദിവസമായ ഞായറാഴ്ചയാണ് എ എൻ രാധാകൃഷ്ണൻ വീണ്ടും മലയാറ്റൂർ മല കയറിയത്. നേരത്തെ ദുഖവെള്ളി ദിനത്തിൽ ന്യൂനപക്ഷ മോർച്ച പ്രവർത്തകർക്കൊപ്പം എ എൻ രാധാകൃഷ്ണൻ മലയാറ്റൂർ മല കയറിയിരുന്നു.
എന്നാൽ മലകയറ്റം മുഴുവനാക്കാൻ സാധിച്ചിരുന്നില്ല. വലിയ പ്രചരണങ്ങൾ കൊടുത്ത് കൊണ്ട് നടത്തിയ മല കയറ്റം പൂർത്തിയാക്കാതെ തിരിച്ചിറങ്ങിയതിനെ തുടർന്ന് വലിയ വിമർശനങ്ങളും ട്രോളുകളും പരിഹാസങ്ങളും എ എൻ രാധാകൃഷ്ണന് നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മലയാറ്റൂർ മല കയറിയത്.
ക്രൈസ്തവരെ പാർട്ടിയോടടുപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റർ, ദുഃഖവെള്ളി ദിനങ്ങളിൽ ബിജെപി പ്രവർത്തകർ വ്യാപകമായി ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുകയും സഭാ മേലധ്യക്ഷന്മാരെ കാണുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ന്യൂനപക്ഷ മോർച്ച പ്രവർത്തകരോടൊപ്പമുള്ള എ.എൻ രാധാകൃഷ്ണന്റെ മലകയറ്റവും.