കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അഭിനവ് (13), പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ( 15) എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്.
ബാക്കി മൂന്ന് പേരെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കുടുംബ സമേതമാണ് കുട്ടികള്‍ അടക്കം 14 അംഗ സംഘം ടെമ്പോ ട്രാവലറില്‍ ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ അഞ്ച് കുട്ടികള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.
കുട്ടികള്‍ അപകടത്തില്‍പ്പെട്ടതായി അറിഞ്ഞ് ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകള്‍ ആദ്യം മൂന്ന് കുട്ടികളെ പുറത്തെടുത്തു. ഇവര്‍ പറഞ്ഞത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോഴാണ് മറ്റു രണ്ടു കുട്ടികളെ കിട്ടിയത്. ഉടന്‍ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.