അരിക്കൊമ്പൻ വിഷയം; സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി

അരിക്കൊമ്പൻ വിഷയം; സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതു സംബന്ധിച്ച ഹർജിയിൽ സർക്കാർ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിനു പകരം സ്ഥലം കണ്ടെത്താൻ കോടതി കൂടുതൽ സമയം അനുവദിച്ചു. സ്ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു.

ഇടുക്കിക്ക് പുറമേ വായനാട്ടിലും പാലക്കാടും ദൗത്യസംഘം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പഠിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതല. ഡിഎഫ്ഒയും റവന്യു ഡിവിഷനൽ ഓഫിസറും ദൗത്യസംഘത്തിൽ ഉണ്ടാകണം. ദൗത്യസംഘം പഠിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇന്നു ഹർജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്തമാസം മൂന്നിലേക്ക് മാറ്റി.

പറമ്പിക്കുളത്തിനു പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കിൽ ഒരാഴ്ചയ്ക്കകം സ്ഥലം നിശ്ചയിക്കാനാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനു നിർദേശം നൽകിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പകരം സ്ഥലം കണ്ടെത്താനായില്ലെങ്കിൽ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതിയുടെ മുൻ ഉത്തരവു നിലനിൽക്കുമെന്നും അതിലെ നിർദേശങ്ങൾ ഉടനെ നടപ്പാക്കണമെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.