കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളികളുടെ ഭാരം കുറഞ്ഞതില്‍ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ.് മൂന്നാഴ്ചയ്ക്കുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടു.
കേസ് ഇന്ന് പരിഗണനയ്‌ക്കെടുത്തപ്പോള്‍ സ്വര്‍ണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങളുന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പട്ട മുഴുവന്‍ രേഖകളും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പരിശോധിച്ച ശേഷമാണ് ചോദ്യങ്ങളുയര്‍ത്തിയത്.
2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞു. ഇക്കാര്യമാണ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്നും ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങ് പീഠങ്ങള്‍ സ്ട്രോങ് റൂമിലുണ്ടോയെന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ വസ്തുവകകളെ കുറിച്ചുളള വിവരങ്ങള്‍ ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. ഈ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കോടതി സംശയങ്ങള്‍ ചോദിച്ചത്. സ്വര്‍ണപ്പാളി ശബരിമലയില്‍ എത്തിച്ചപ്പോള്‍ എന്തുകൊണ്ട് ഭാരം പരിശോധിച്ചില്ലെന്നും ഹൈക്കോടതി ചോദിച്ചു.
സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ദ്വാരപാലക ശില്‍പങ്ങള്‍ക്ക് വേറൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നുവെന്നാണ് അദേഹം പറഞ്ഞത്.
ശില്‍പങ്ങള്‍ക്ക് രണ്ടാമതൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോള്‍ പുതിയത് നിര്‍മിച്ചു. എന്നാല്‍ അളവില്‍ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു.
വഴിപാടായി നല്‍കിയതിനാല്‍ തിരികെ ചോദിച്ചില്ല. പീഠം സ്‌ട്രോങ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം എവിടെയെന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോള്‍ പീഠത്തെക്കുറിച്ച് തിരക്കിയിരുന്നു. അതിന് മറുപടി ലഭിച്ചില്ല. വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.