അബുജ: നൈജീരിയയിൽ കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടർക്കഥയാകുന്നു. കോഗി സംസ്ഥാനത്തെ ഒലമാബോറോ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അഗലിഗ-എഫാബോയിലെ സെന്റ് പോൾസ് ഇടവക വികാരിയായ ഫാ. വിൽഫ്രഡ് എസെംബയെ ആണ് അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടു പോയത്.
ഇമാനെയ്ക്കും ഒഗുഗുവിനും ഇടയിലുള്ള റോഡിൽ അജ്ഞാതരായ ആയുധധാരികൾ മറ്റ് യാത്രക്കാരെയും തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകളുണ്ട്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ സുരക്ഷാ സേന നിലവിൽ റോഡിനടുത്തുള്ള കാടുകളിൽ തിരച്ചിൽ തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇതേ തദ്ദേശ സ്വയംഭരണ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.
ആഫ്രിക്കയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാഷ്ട്രമാണ് നൈജീരിയ. ഇവിടുത്തെ പുരോഹിതന്മാരെയും സെമിനാരിക്കാരെയും മറ്റ് ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളിലെ ഏറ്റവും പുതിയതാണ് ഫാ. വിൽഫ്രഡിന്റെ തിരോധാനം. തട്ടിക്കൊണ്ടു പോകുന്നത് രാജ്യത്ത് ഒരു വ്യവസായമായി മാറിയിരിക്കുകയാണെന്നും വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകള്‍ ദിവസവും തട്ടിക്കൊണ്ടു പോകലിന് ഇരകളാകുന്നുവെന്നും നൈജീരിയന്‍ വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു.