തൃശൂര്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍ അതിരൂപതയുടെ  മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ  മുന്‍  മെത്രാപൊലീത്ത മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അവശതയില്‍ ചികത്സയിലിരിക്കേ ഇന്ന് ഉച്ചകഴിഞ്ഞ് 2.50 ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

രണ്ട് പ്രാവശ്യം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.  തൊണ്ണൂറ്റിയഞ്ചാം   വയസിലും സഭാ കാര്യങ്ങളിലും സേവന മേഖലയിലും സജീവ സാന്നിധ്യമായിരുന്നു.

ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലും റോമിലെ അര്‍ബന്‍ കോളജിലുമായാണ് അദേഹം പൗരോഹിത്യ പഠനം നടത്തിയത്. 1956 ഡിസംബര്‍ 22 ന് റോമില്‍ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. പട്ടത്വത്തിന് ശേഷവും അവിടെ പഠനം തുടര്‍ന്നു.

റോമിലെ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് കാനന്‍, സിവില്‍ നിയമങ്ങളില്‍ ഡോക്ടറേറ്റ് നേടിയ ശേഷം തിരിച്ചെത്തി തലശേരി ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ സെക്രട്ടറിയും രൂപതയുടെ ചാന്‍സലറുമായി ചുമതലയേറ്റു. പിന്നീട് തലശേരി രൂപത മൈനര്‍ സെമിനാരിയുടെ റെക്ടറായി നിയമിതനായി.


ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കിലെ ഫോര്‍ഡാം സര്‍വകലാശാലയില്‍ പഠനം പുനരാരംഭിച്ചു. അവിടെ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ തന്നെ അദേഹം വീണ്ടും തലശേരി രൂപതാ മൈനര്‍ സെമിനാരിയുടെ റെക്ടറായി നിയമിതനായി.

1973 മെയ് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി വാഴിക്കപ്പെട്ടു. 22 വര്‍ഷം മാര്‍ ജേക്കബ് തൂങ്കുഴി മാനന്തവാടി രൂപതാധ്യക്ഷനായി സേവനമനുഷ്ഠിച്ചു. 1995 ജൂണ്‍ എഴിന് താമരശേരി ബിഷപ്പായി നിയമിതനായി. 1997 ഫെബ്രുവരി 15 നാണ് തൃശൂര്‍ അതിരൂപതയുടെ  ആര്‍ച്ച് ബിഷപ്പായി അദേഹം ചുമതലയേറ്റത്. പത്ത് വര്‍ഷത്തിന് ശേഷം 2007 മാര്‍ച്ച് 18 നാണ് ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ചത്.

കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കര്‍ഷക ദമ്പതികളായ കുര്യന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബര്‍ 13 നാണ് ജനനം. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു.

ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ സ്ഥാപക പിതാവായ അദേഹം ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാനുമാണ്. തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.