വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം; മുന്നറിയിപ്പുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം; മുന്നറിയിപ്പുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കണം. ഉയര്‍ന്ന വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരങ്ങളില്‍ ഇസ്തിരിപ്പെട്ടിയും വാഷിങ് മെഷിനൊക്കെ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല. എല്ലാവരും സഹകരിക്കണം. പത്ത് രൂപയുടെ വൈദ്യുതി ഇന്നലെ യൂണിറ്റിന് ഇരുപത് രൂപയോളം നല്‍കിയാണ് വാങ്ങിയത്. നമ്മള്‍ മാത്രമേ പവര്‍കട്ടില്ലാതെ കൊണ്ടുപോകുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.

വൈകുന്നേരങ്ങളിലെ അമിത വൈദ്യുതി ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. ജനങ്ങള്‍ സഹകരിച്ചാല്‍ പവര്‍ക്കട്ടില്ലാതെ കൊണ്ട് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.

സംസ്ഥാനത്തെ വൈദ്യതി ഉപയോഗം ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് കോടി യൂണിറ്റ് മറി കടന്നിരുന്നു. 2022 ഏപ്രിലില്‍ രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റിന്റെ റെക്കോഡാണ് ഈ ദിനങ്ങളില്‍ മറികടന്നത്.

കടുത്ത ചൂട് തന്നെയാണ് വൈദ്യുതി ഉപയോഗം കൂടാനുള്ള കാരണം. ഏസിയും ഫാനും അടക്കമുള്ളവയുടെ ഉപയോഗം കുത്തനെ വര്‍ധിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.