തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് സര്‍ക്കാര്‍ വക യാത്രയയപ്പ്. ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസിന് സര്‍ക്കാരിന്റേതായി ഔദ്യോഗിക യാത്രയയപ്പ് നല്‍കുന്നത്.
ബുധനാഴ്ച വൈകുന്നേരം കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് യാത്രയയപ്പ് നല്‍കിയത്. ഏപ്രില്‍ 23 നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യാത്രയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്പോള്‍ ഹൈക്കോടതിയുടെ ഫുള്‍ കോര്‍ട്ട് മാത്രം യാത്രയയപ്പ് നല്‍കുന്നതാണ് കീഴ് വഴക്കം. അത്തരത്തിലുള്ള യാത്രയയപ്പ് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്നിരുന്നു. അതോടൊപ്പം സീനിയര്‍ അഭിഭാഷകര്‍ പ്രത്യേക യാത്രയയപ്പും നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസനിധി കേസ് പരിഗണിച്ച ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് വലിയ വിവാദമായതിന് തൊട്ടു പിന്നാലെയാണ് വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പതിവിന് വിപരീതമായി സര്‍ക്കാര്‍ യാത്രയയ്പ്പ് നല്‍കിയത്.