ന്യൂഡല്‍ഹി: ജസ്റ്റിസ് എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഈ മാസം 24ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമന ശുപാര്‍ശ.
നിയമനം സംബന്ധിച്ച ഫയല്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് കൈമാറി. എസ്. മണികുമാര്‍ കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ എസ്.വി ഭട്ടി. 2019 മാര്‍ച്ച് 19 മുതല്‍ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു വരികയാണ് അദേഹം.
അതേസമയം, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റാനുളള ശുപാര്‍ശ കൊളീജിയം തിരിച്ചു വിളിച്ചു. 2022 സെപ്തംബര്‍ 28 ന് നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.
വരുന്ന ഓഗസ്റ്റ് ഏഴിന് മുരളീധര്‍ വിരമിക്കാനിരിക്കെയാണ് സ്ഥലം മാറ്റ ശുപാര്‍ശ തിരിച്ചു വിളിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയതാണ് നിലവിലെ സുപ്രീം കോടതി കൊളീജിയം.