തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനിയറിങ് പ്രവേശനത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കാത്തലിക് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ്സ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഈ ആവശ്യം ഉന്നയിച്ചത്.
പ്രവേശന നടപടി വേഗത്തിലാക്കണമെങ്കില്‍ പ്രവേശന പരീക്ഷാഫലം വേഗത്തില്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. പ്രവേശന നടപടികള്‍ താമസിച്ചാല്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഒഴിവു വരുന്ന സീറ്റുകളിലേക്ക് അഖിലേന്ത്യാ മാനദണ്ഡം അനുസരിച്ച് ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഫീസ് വര്‍ധനവില്‍ അനുകൂല നിലപാട് കൈക്കൊള്ളണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ കേരള കാത്തലിക് എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് റവ. ഡോ.മാത്യു പായിക്കാട്ട്, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍, ഡോ.ജോര്‍ജ് കുര്യേടത്ത്, ഫാ. ജോണ്‍ വര്‍ഗീസ്, മോണ്‍.ഇ.വില്‍ഫ്രഡ്, ഫാ. ബിജോയ് അറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.