തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങിന് സാധ്യത. വോള്‍ട്ടേജ് ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി. അതേസമയം ബുധനാഴ്ച വൈദ്യുതി ഉപയോഗം 102.99 ദശലക്ഷം യൂണിറ്റിലേക്കെത്തി.
വേനല്‍ ചൂടിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ വൈദ്യുതി നില പ്രതിസന്ധിയിലേക്ക് നീങ്ങിയത്. കടുത്ത വോള്‍ട്ടേജ് ക്ഷാമവും ഉയര്‍ന്ന വൈദ്യുതി ഉപയോഗവും കാരണം അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കെഎസ്ഇബി. വടക്കന്‍ കേരളത്തിന്റെ പലയിടങ്ങളിലും ബുധനാഴ്ച ലോഡ് ഷെഡിങുണ്ടായി. വൈദ്യുതി ആവശ്യകത 5000 മെഗാവാട്ടിന് മുകളിലേക്ക് എത്തുന്നു എന്നതാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്.
4800 മെഗാവാട്ട് വൈദ്യുതി എത്തിക്കാനുള്ള ശേഷി മാത്രമേ നിലവിലെ വൈദ്യുതി പ്രസരണ ലൈനുകള്‍ക്ക് ഉള്ളൂ. 70 ശതമാനത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ അധികം വര്‍ക്ക് ചെയ്യേണ്ട സാഹചര്യമാണ് നിലവില്‍. ഇത് പലയിടത്തും വോള്‍ട്ടേജ് ക്ഷാമത്തിന് കാരണമാകുന്നു. കഴിഞ്ഞ വര്‍ഷം 89.65 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന വൈദ്യുതി ഉപയോഗം.
ഇലക്ട്രിസിറ്റി ഉപയോഗം പരമാവധി കുറയ്ക്കാതെ മറ്റ് മാര്‍ഗമില്ലെന്നും ഇല്ലെങ്കില്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.