അമ്മിം കുട്ടിം പറയുന്നത്...

അമ്മിം കുട്ടിം പറയുന്നത്...

നമസ്കാരം.... ഞാൻ അരകല്ല്... ഇതെന്റെ കുട്ടി..!
പഴമക്കാർ ഞങ്ങളെ അമ്മിം, കുട്ടിംന്നും....,തള്ളേംപിള്ളേന്നും വിളിക്കും....!!

തങ്കപ്പേട്ടനും,തങ്കമ്മേച്ചിയുമാ വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ ഈ വീട്ടികൊണ്ടുവന്നേ... അന്ന് പരമുപണിക്കൻ ഞങ്ങളെ കുറിച്ച് ചൊല്ലിയതിങ്ങനെയാ..

അമ്മീംകുട്ടീംമൊന്നിക്കും ഭോജ്യമെത്ര രസാവഹം... മോരിൽ വെണ്ണയതെന്നപോൽ എന്നും നാവിൽ രുചികരം..

അന്നെല്ലാവർക്കും ഞങ്ങളെ വല്ല്യകാര്യമായിരുന്നു... തങ്കപ്പേട്ടന്റെയും, തങ്കമ്മേച്ചിയുടേയും കാലം കഴിഞ്ഞു... ഇതിപ്പോ...അവരുടെ മോൻ തങ്കച്ചൻ്റെയും മരുമോളുടേയും കാലം...

പച്ചപരിഷ്കാരിയായ അവൾക്ക് ഞങ്ങളെ കണ്ണെടുത്താ കണ്ടൂടാ... എന്നേം കുട്ടിയേയും അവളു തിരിഞ്ഞു നോക്കാറില്ല...  ഭാര്യയെ പേടിച്ചിട്ടാണോന്നറിയില്ല, തങ്കപ്പന്റെ മോൻ തങ്കച്ചനും ഞങ്ങളെ വേണ്ടാതായി...

അവള് കഴിഞ്ഞ ദിവസം പറയുന്നതു കേട്ടു... ഒരു തള്ളേം പിള്ളേം... രണ്ടിനേം കൊണ്ടുപോയി പൊട്ടക്കിണറ്റിൽ തള്ള്... വേസ്റ്റ് സാധനങ്ങള്...

അ..മോനെ.. തങ്കച്ചാ..നിന്റെ ഭാര്യയ്ക്ക് എന്നേം കുട്ട്യം കണ്ടൂടാ... അവളുടെ കുറ്റപ്പെടുത്തലും,കളിയാക്കലും കേട്ട് മടുത്തു... ടൗണീന്ന് ഫാസ്റ്റുഫുഡു വരുത്തി കഴിക്കുന്ന അവക്ക് ഞങ്ങളെ പിടിക്കത്തില്ല...

ഏറെ പാടുപെട്ടാ ഞങ്ങള് നിന്നെ പോറ്റിയേ... എന്തുമാത്രം വിഭവങ്ങളാ... നിനക്കായി ഞങ്ങളുണ്ടാക്കിയേ... കുഞ്ഞുനാളു തൊട്ട് നിന്റെ ഒരോ അസുഖത്തിനും എത്ര തരം മരുന്നാ ഞങ്ങളരച്ചു തന്നേ... ഒരു പെണ്ണു കെട്ടിയപ്പോ... നീ ഞങ്ങളെ മറന്നു...! അപ്പനെ മറന്നു...! അമ്മയെ മറന്നു...!

മോനേ... അവരുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ തറവാട്ടില്... നിങ്ങക്കൊരു ശല്യമാവാതെ...ഞങ്ങളും... ഞങ്ങളും... ഇവിടെ കഴിഞ്ഞോട്ടേ......

കുട്ടി : അമ്മീ...ആർക്കും വേണ്ടാത്ത.. തങ്കപ്പേട്ടനും തങ്കമ്മേച്ചിയുമില്ലാത്ത ഈ തറവാട്ടില്... വേസ്റ്റ് സാധനങ്ങളായി ഇനി നമ്മളെന്തിനാ...?

പൊട്ട കിണറ്റിലെങ്കിലും... മനസമാധാനമായി നമുക്ക് കഴിയാം അമ്മീ.......!!

അരകല്ലുകളെപോലെ ... മക്കൾക്കു വേണ്ടി കഷ്ടതകൾ സഹിച്ച്.. അരഞ്ഞരഞ്ഞു തീരുന്ന  നമ്മുടെ പ്രിയപെട്ട അച്ഛനമ്മമാർക്കു മുമ്പിൽ ശിരസ്സുനമിച്ചുകൊണ്ട്....

✍️ സിബി നെല്ലിക്കൽ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.