ബെര്‍ലിന്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുണ്ടെന്ന് ആവര്‍ത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന പരിപാടിയിലാണ് രാഹുലിന്റെ പരാമര്‍ശം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണ്.
ദേശീയ അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ എന്നിവയെ ബിജെപി രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനായി ഉപയോഗിക്കുന്നു. ഈ ഏജന്‍സികള്‍ ഭരണ പക്ഷത്തുള്ളവര്‍ക്കെതിരെ കേസെടുക്കുന്നില്ല. പകരം പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഈ സ്ഥാപനങ്ങളെ രാജ്യത്തിന്റെ സ്വത്തായാണ് കണ്ടിരുന്നതെങ്കില്‍ ബിജെപി അവയെ പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണമായാണ് കാണുന്നത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടെന്നും കുറ്റമറ്റതല്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു. 2024 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് വിജയിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും എന്നാല്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്നും അദേഹം പറഞ്ഞു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പും നീതിയുക്തമായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. എന്നാല്‍ രാജ്യത്തിന് തന്നെ നാണക്കേടാണ് രാഹുലിന്റെ പ്രസ്താവനയെന്നാണ് ബിജെപിയുടെ പ്രതികരണം.