നൈജീരിയയിൽ ആശ്വാസത്തിൻ്റെ ക്രിസ്മസ്; തട്ടിക്കൊണ്ടുപോയ മുഴുവൻ കുട്ടികളും മോചിതരായി

നൈജീരിയയിൽ ആശ്വാസത്തിൻ്റെ ക്രിസ്മസ്; തട്ടിക്കൊണ്ടുപോയ മുഴുവൻ കുട്ടികളും മോചിതരായി

അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്തുള്ള കത്തോലിക്കാ സ്കൂളിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 130 വിദ്യാർഥികളെ കൂടി മോചിപ്പിച്ചു. ഇതോടെ സ്കൂളിൽ നിന്ന് ബന്ദികളാക്കപ്പെട്ട എല്ലാ കുട്ടികളും സുരക്ഷിതരായി തിരിച്ചെത്തിയെന്ന് പ്രസിഡൻ്റിൻ്റെ വക്താവ് സൺഡേ ഡാരെ അറിയിച്ചു. നവംബർ 21 നായിരുന്നു രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ കൂട്ട തട്ടിക്കൊണ്ടുപോകൽ നടന്നത്.

നൈജർ സംസ്ഥാനത്തെ പപ്പിരിയിലുള്ള സെൻ്റ് മേരീസ് കത്തോലിക്കാ സ്കൂളിൽ നിന്നാണ് വിദ്യാർഥികളെയും ജീവനക്കാരെയും സായുധ സംഘം തട്ടിക്കൊണ്ടുപോയത്. സൈന്യവും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ബാക്കിയുണ്ടായിരുന്ന 130 കുട്ടികളെ കൂടി മോചിപ്പിക്കാനായത്.

മോചിതരായ കുട്ടികൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം സൺഡേ ഡാരെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇവരെ നൈജർ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ മിന്നയിലേക്ക് മാറ്റിയ ശേഷം മാതാപിതാക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ വിട്ടയക്കും.

കഴിഞ്ഞ മാസം സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ മുന്നൂറോളം പേരെയാണ് ഭീകരർ പിടികൂടിയിരുന്നത്. അക്രമത്തിനിടെ 50 ഓളം കുട്ടികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഈ മാസം ആദ്യവാരം നടത്തിയ സൈനിക നീക്കത്തിൽ 100 കുട്ടികളെ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരെ കൂടി കണ്ടെത്താനായതോടെ മാസങ്ങൾ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്.

നൈജീരിയയുടെ വടക്കൻ മേഖലകളിൽ മോചനദ്രവ്യത്തിനായി സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. 2014-ൽ ചിബോക്കിൽ നിന്ന് ബോക്കോ ഹറാം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിന് സമാനമായ രീതിയിലുള്ള ആക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളെ തിരിച്ചെത്തിക്കാനായതിനെ 'വിജയത്തിൻ്റെയും ആശ്വാസത്തിൻ്റെയും നിമിഷം' എന്നാണ് സർക്കാർ വിശേഷിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.