'ഡ്രോണ്‍ ഉപയോഗിച്ച് വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; സ്വകാര്യത ലംഘിച്ചു': ചാനലുകള്‍ക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

 'ഡ്രോണ്‍ ഉപയോഗിച്ച് വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; സ്വകാര്യത ലംഘിച്ചു': ചാനലുകള്‍ക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസില്‍ പരാതി. ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് ആണ് പരാതി നല്‍കിയത്.

റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കും അവയുടെ മേധാവികള്‍ക്കുമെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് ആലുവ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.

2025 ഡിസംബര്‍ എട്ടിന് ആലുവയിലെ 'പത്മസരോവരം' എന്ന വസതിയില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.

നടിയെ ആക്രമിച്ച കേസിന്റെ വിധി പുറത്തുവന്ന ദിവസമാണ് ചാനലുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിധി പറയുന്ന ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

'വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുന്‍കൂര്‍ അനുമതിയോ കൂടാതെയാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചത്. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ നഗ്‌നമായ ലംഘനമാണ്. ഞങ്ങളുടെ വസതി ഒരു പൊതുസ്ഥലമല്ല, ഒരു സ്വകാര്യ താമസസ്ഥലത്തിന് മുകളില്‍ വ്യോമനിരീക്ഷണം നടത്താന്‍ ഒരു മാധ്യമ സ്ഥാപനത്തിനും അധികാരമില്ല.

അന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ അന്തസിനും സുരക്ഷയ്ക്കും സല്‍പ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു. അതിനാല്‍ മേല്‍പറഞ്ഞ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തണം. നിയമ വിരുദ്ധ നിരീക്ഷണത്തിനായി ഉപയോഗിച്ച ഡ്രോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കണം'- ജയലക്ഷ്മി പരാതിയില്‍ ചൂണ്ടിക്കാട്ടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.