തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി സ്ഥാപിച്ച എഐ ക്യാമറ ഇടപാടില്‍ അടിമുടി ദുരൂഹതയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചെന്നിത്തല ആരോപിച്ചു.
അവ്യക്തത നിറഞ്ഞ ഇടപാടില്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉണ്ടെങ്കില്‍ എത്ര കമ്പനികള്‍ പങ്കെടുത്തു. അവ ഏതെല്ലാം. കെല്‍ട്രോണ്‍ വഴി ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിഴയായി കിട്ടുന്ന പണത്തില്‍ സ്വകാര്യ കമ്പനിക്ക് എത്ര ശതമാനം പോകുമെന്ന് വ്യക്തമാക്കണം. അവ്യക്തതകള്‍ മാറ്റേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെയീ ഇടപാട് പാവപ്പെട്ടവരെ മാത്രം പിഴിയാന്‍ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. വിഐപികളുടെ വാഹനങ്ങള്‍ ക്യാമറകളുടെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ്. ഒരാളില്‍നിന്ന് 2,000 മുതല്‍ 4,000 വരെ പിഴിയുന്ന നടപടിയാണിത്. നീതി നടപ്പിലാക്കുന്നതില്‍ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏര്‍പ്പാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. റോഡ് സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തിയ ശേഷം മാത്രം നടപ്പിലാക്കേണ്ട ഒരു പദ്ധതി ധൃതിപിടിച്ച് നടപ്പിലാക്കുന്നതില്‍ ദൂരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.