കോഴിക്കോട്: സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയടക്കണമെന്ന് കാണിച്ച് പൊലീസ് സന്ദേശം ലഭിച്ചത് കാറുടമയ്ക്ക്. താമരശേരി സ്വദേശി ബിനീഷിനാണ് കോഴിക്കോട് റൂറല്‍ ജില്ലാ ട്രാഫിക് പൊലീസിന്റെ സന്ദേശം ലഭിച്ചത്. തന്റെ കാറിന്റെ നമ്പറില്‍ മറ്റൊരു സ്‌കൂട്ടര്‍ ഉള്ളതായി വ്യക്തമായ സാഹചര്യത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ബിനീഷ് താമരശേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
താമരശേരി ചെമ്പ്ര സ്വദേശിയായ ബിനീഷിന്റെ ഫോണിലേക്ക് കഴിഞ്ഞ ദിവസമാണ് സന്ദേശം വന്നത്. കോഴിക്കോട് റൂറല്‍ ട്രാഫിക് പൊലീസാണ് സന്ദേശമയച്ചത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ ചിത്രവും ഇതിനൊപ്പം അയച്ചിരുന്നു.
ദേശീയപാതയില്‍ അടിവാരം പെലീസ് ഔട്ട്‌പോസ്റ്റിന് സമീപത്തായുള്ള ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. ഈ ചിത്രമാണ് പൊലീസും അയച്ചത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും ആര്‍ടിഒയ്ക്കും പരാതി നല്‍കുമെന്നും കാറുടമ പറഞ്ഞു.
നേരത്തെ കിഴക്കോത്ത് സ്വദേശിയുടെ ഗുഡ്‌സ് ഓട്ടോയുടെ നമ്പറിലുള്ള ബുള്ളറ്റ് ഇതേ ക്യാമറയില്‍ പതിഞ്ഞിരുന്നു. നോട്ടീസ് ലഭിച്ചപ്പോഴാണ് ഗുഡ്‌സ് ഓട്ടോ ഉടമ വിവരം അറിയുന്നത്. വാഹനത്തിന്റെ ഫോട്ടോയില്‍ ഉള്ള നമ്പര്‍ പരിശോധിച്ചാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നോട്ടീസ് അയക്കുന്നത്. ഈ സമയത്ത് തന്നെ യഥാര്‍ത്ഥ വാഹനം ഏതാണെന്നും വ്യക്തമാകും. എന്നാല്‍ ഇത് പരിശോധിക്കുക പോലും ചെയ്യാതെയാണ് നോട്ടീസ് അയക്കുന്നതെന്ന് കാറുടമ പറയുന്നു.