പൂഞ്ച് ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് ബുള്ളറ്റുകളും സ്റ്റിക്കി ബോംബും; 12 പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

പൂഞ്ച് ഭീകരാക്രമണം: ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് ബുള്ളറ്റുകളും സ്റ്റിക്കി ബോംബും; 12 പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീല്‍ ബുള്ളറ്റുകളുമെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം 12 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു.

വ്യാഴാഴ്ച, പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. 36 തവണ ഭീകരര്‍ വെടിയുതിര്‍ത്തു. സ്റ്റീല്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കവചം തുളയ്ക്കാന്‍ ശേഷിയുള്ള ചൈനീസ് നിര്‍മ്മിത 7.62 എംഎം സ്റ്റീല്‍ കോര്‍ ബുള്ളറ്റുകള്‍ ആണ് ഉപയോഗിച്ചത്.

വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ഫോടനാത്മക ഉപകരണമായ 'സ്റ്റിക്കി ബോംബുകള്‍' ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ടൈമര്‍, റിമോട്ട് എന്നിവകൊണ്ട് സ്‌ഫോടനം നടത്താന്‍ കഴിയുന്നവയാണ് സ്റ്റിക്കി ബോംബുകള്‍. ട്രക്കിന് സമീപത്തു നിന്ന് രണ്ട് ഗ്രനേഡ് പിന്നുകളും സൈന്യം കണ്ടെടുത്തിരുന്നു. മണ്ണെണ്ണ നീരാവിയും സംഭവസ്ഥലത്ത് അനുഭവപ്പെടുന്നുണ്ട്.

ഗുരുതരാവസ്ഥയില്‍ കഴിയുന്ന സൈനികനെ പരിശോധിച്ച മൂന്ന് പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കത്രയില്‍ നടന്ന ആക്രമണത്തിന് സമാനമായിരുന്നു പൂഞ്ച് ഭീകരാക്രമണത്തിന്റെയും രീതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 കമാന്‍ഡോകളെയാണ് തിരച്ചില്‍ നടത്താനായി വിന്യസിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.