രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയ്ക്ക് അഭിഭാഷകനാകാം: പേരറിവാളന്റെ എന്റോള്‍മെന്റിന് നിയമ തടസമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയ്ക്ക് അഭിഭാഷകനാകാം: പേരറിവാളന്റെ എന്റോള്‍മെന്റിന് നിയമ തടസമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുകയും പിന്നീട് സുപ്രീം കോടതി മോചിപ്പിക്കുകയും ചെയ്ത എ.ജി പേരറിവാളന് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും നിയമപരമായ തടസങ്ങളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പേരറിവാളന്റെ അഭിഭാഷക എന്റോള്‍മെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ആര്‍. സുധ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായി മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം തങ്ങളുടെ നിലപാട് അറിയിച്ചത്.

വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിച്ച വ്യക്തിക്ക് അഭിഭാഷക ആക്ട് പ്രകാരം കൗണ്‍സിലില്‍ എന്റോള്‍ ചെയ്യാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍. സുധ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം ഒരാള്‍ക്ക് ശിക്ഷയുടെ പേരില്‍ നിലനില്‍ക്കുന്ന അയോഗ്യത ജയില്‍ മോചിതനായി രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ അവസാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി. ഈ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പേരറിവാളന്റെ അഭിഭാഷക അംഗത്വത്തിന് നിയമസാധുതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന പേരറിവാളനെ മുപ്പത് വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷം 2022 മെയ് 18 നാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതി മോചിപ്പിച്ചത്. മോചനത്തിന് ശേഷം കര്‍ണാടകയിലെ സ്വകാര്യ നിയമ കോളജില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ അദേഹം, തുടര്‍ന്ന് അഭിഭാഷകനായി എന്റോള്‍ ചെയ്യുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടോടെ ഈ വിഷയത്തില്‍ നിലനിന്നിരുന്ന നിയമ തടസങ്ങള്‍ നീങ്ങിയിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.