തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ പുതിയ കണ്ടെത്തൽ. കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റത് മുൻ നിശ്ചയിച്ച പ്രകാരം. കുഞ്ഞിന്റെ അമ്മ തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടിയത് ഏഴാം മാസത്തിലാണ്. ആ സമയത്ത് ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേൽവിലാസമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ.
വിൽപ്പന തീരുമാനിച്ചതിന് ശേഷമാണ് യുവതി ചികിത്സ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. അതേസമയം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടുമില്ല. നിലവിൽ മുതിർന്ന ഡോക്ടർക്കാണ് താത്കാലിക ചുമതല. പ്രതിദിനം ശരാശരി 700 പേർ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണിത്.
അതേസമയം നവജാത ശിശുവിനെ വിറ്റ സംഭവം ഗൗരവമുളളതാണെന്ന് ബാലാവകാശ കമ്മീഷൻ പ്രതികരിച്ചു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ കമ്മീഷൻ പൊലീസിന് നിർദേശം നൽകി. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും സംഭവത്തിൽ ഇടനിലക്കാരുണ്ടോ എന്ന് പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ കെ വി മനോജ് കുമാർ പറഞ്ഞു.