* അഴിമതി ആരോപണം തള്ളി കെല്‍ട്രോണ്‍ എംഡി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ സംബന്ധിച്ച് ആരോപണ പ്രത്യാരോപണം രൂക്ഷമായി. പദ്ധതിയില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വി.ഡി സതീശനും എഐ ക്യാമറയ്ക്ക് ചിലവഴിച്ച പണം സംബന്ധിച്ച ആക്ഷേപം ഉയര്‍ത്തിയിരുന്നു. തുടര്‍ച്ചയായി ആരോപണം ഉയര്‍ന്ന തിനു പിന്നാലെ പ്രതിരോധവുമായി കെല്‍ട്രോണ്‍ എംഡി നാരായണ മൂര്‍ത്തിയാണ് രംഗത്തെത്തിയത്. എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയതെന്നും പദ്ധതി തുകയായി ആദ്യം 235 കോടി രൂപയായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും തുടര്‍ചര്‍ച്ചയ്ക്ക് ശേഷം 232 കോടി രൂപയായി നിജപ്പെടുത്തിയതായും അദേഹം പറഞ്ഞു.ഇതില്‍ 151 കോടി രൂപ എസ്ആര്‍ഐടി എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഈ സ്ഥാപനം മികച്ച പ്രവര്‍ത്തനമാണ് നടത്തിയതും ഉപകരാര്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ബാധ്യതയില്ലെന്നും അദേഹം വ്യക്തമാക്കി.
എഐ ക്യാമറ സംബന്ധിച്ച് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെല്‍ട്രോണെന്ന് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കെല്‍ട്രോണ്‍ വിശദീകരണം നടത്തിയത്. അഞ്ച് വര്‍ഷത്തേക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെല്‍ട്രോണിനാണ്. എഐ ക്യാമറ മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ആവിഷ്‌കരിച്ചതും നടപ്പാക്കുന്നതും കെല്‍ട്രോണാണ് .
232 കോടിക്ക് 726 ക്യാമറകള്‍ സ്ഥാപിച്ച എഐ ട്രാഫിക് പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കരാറില്‍ 75 കോടിയെന്ന് രേഖപ്പെടുത്തിയത് എങ്ങനെയാണ് 232 കോടിയായി ഉയര്‍ത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചായിരുന്നു ചെന്നിത്തല ചോദ്യങ്ങള്‍ ഉന്നയിച്ചത്. ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നു.