കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ജില്ലാ സെക്രട്ടറി പി.എച്ച് അനീഷാണ് കസ്റ്റഡിയിലുള്ളത്.
തേവരയില്‍ നടക്കുന്ന യുവം പരിപാടിയുടെ പ്രവേശന കവാടത്തില്‍ ഗോ ബാക്ക് മോഡി മുദ്രാവാക്യം വിളിച്ചു കൊണ്ട് പ്രതിഷേധിച്ച ഇയാളെ തേവര പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രിയുടെ പരിപാടിക്കെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അനീഷിനെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. അനീഷിന് മര്‍ദനമേറ്റിട്ടുണ്ടെന്നും ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എറണാകുളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എന്‍.ആര്‍ ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്‌കര്‍ ബാബു, ബഷീര്‍ എന്നിവരുടെ വീട്ടില്‍ പുലര്‍ച്ചെ എത്തിയ പൊലീസ് കരുതല്‍ തടങ്കലിലാക്കുകയാണെന്ന് അറിയിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് മോദി കൊച്ചിയിലെത്തുന്നത്. അഞ്ചരയ്ക്ക് തേവര ജംഗ്ഷന്‍ മുതല്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് മൈതാനം വരെ നീളുന്ന 1.8 കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടക്കും. ആറിന് നടക്കുന്ന 'യുവം 2023' പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.